കൂര്‍ക്കം വലിയാണോ നിങ്ങളുടെ പ്രശ്നം ദാ ഇതൊന്ന് പരിശോധിക്കാം
കൂര്‍ക്കംവലിക്കുന്നവര്‍ അറിയുന്നില്ല അതെത്രമാത്രം അടുത്തു കിടക്കുന്നവര്‍ക്ക് പ്രശ്നമാകുന്നുണ്ടെന്ന്. കൂര്‍ക്കംവലി മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്നതിനു പുറമേ സ്വന്തം ഉറക്കം കെടുത്താന്‍ തുടങ്ങിയാല്‍ ചികിത്സ വേണ്ടി വരും. ചികിത്സ കൂടാതെ കൂര്‍ക്കം വലി ഒഴിവാക്കാന്‍ ചില കുറുക്കു വഴികളുമുണ്ട്.
അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂര്‍ക്കം വലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകും. ഇതൊഴിവാക്കുക. പൂര്‍ണമായും മലര്‍ന്നു കിടന്നുള്ള ഉറക്കം കൂര്‍ക്കം വലിയുടെ പ്രധാന കാരണമാണ്. മലര്‍ന്ന് കിടന്ന് ഉറങ്ങിക്കഴിയുമ്പോള്‍ നാവ് തൊണ്ടയ്ക്കുള്ളിലേയ്ക്കു താഴ്ന്നു നില്‍ക്കും. ചിലരില്‍ ഇത് വായു കടന്നു പോകുന്ന പാതയെ തടയുമ്പോള്‍ കൂര്‍ക്കം വലിക്കു കാരണമാകും. ഇതൊഴിവാക്കാന്‍ തല ചെരിച്ചു വെച്ചു കമിഴ്ന്നു കിടക്കുകയോ വശം ചരിഞ്ഞു കിടക്കുകയോ ചെയ്യുന്നതു സഹായിക്കും. എന്നാല്‍, ഉറക്കത്തില്‍ തനിയെ മലര്‍ന്നു കിടക്കാനും കൂര്‍ക്കം വലി വീണ്ടും തുടങ്ങാനും കാരണമാകാം.
പുറകില്‍ പോക്കറ്റുള്ള പാന്റ്സ് ധരിച്ച്, പോക്കറ്റില്‍ ഒരു ടെന്നീസ് ബോളോ അതുപോലുള്ള ഒരു പന്തോ നിക്ഷേപിച്ച ശേഷം ഉറങ്ങാന്‍ കിടക്കുക. അതിനു കഴിയുന്നില്ലെങ്കില്‍ ഒരു തുണിക്കഷണത്തില്‍ പന്ത് ചുരുട്ടി വെച്ചു പന്ത് അരക്കെട്ടിനു പുറകില്‍ വരുന്ന രീതിയില്‍ കെട്ടി വെച്ച് ഉറങ്ങുക. ഉറക്കത്തിനിടയില്‍ മലര്‍ന്നു കിടക്കാനൊരുങ്ങുമ്പോള്‍ പന്ത് അടിയില്‍ വരുന്നതു മൂലം ആ നിലയില്‍ കിടക്കാന്‍ കഴിയാതെ വരും. സ്വഭാവികമായും ചരിഞ്ഞു കിടന്നു കൊള്ളും. ഒന്നോ രണ്ടോ ആഴ്ച ഇതു പ്രയോഗിച്ചാല്‍ മലര്‍ന്നു കിടന്നുള്ള ഉറക്കം മാറ്റിയെടുക്കാം.